Monday, December 19, 2011

Dr. Nandini Varma as a Thayambaka Artist

Dr. Nandini Varma learnt thayambaka along with her studies in Medicine (Ayurveda).
She has perforemed with many famous artists at different locations. My hearty congratulations and wishing all the best in future.

Here am copying the news came on Mathrubhumi. Thanks mathrubhumi for the interview..



Dr. തായമ്പക
കെ.കെ.ശ്രീരാജ്‌



ഡോ.നന്ദിനി വര്‍മയുടെ പ്രൊഫഷണല്‍ ജീവിതം രണ്ടുതരം താളങ്ങളുടേതാണ്. സ്റ്റെതസ്‌കോപ്പിലൂടെയും കൈവിരല്‍ തുമ്പിലൂടെയും കണ്ടെത്തുന്ന ജീവതാളങ്ങള്‍ ഒരു വശത്ത്. ക്ഷേത്ര മുറ്റങ്ങളിലും ഉത്സവാന്തരീക്ഷങ്ങളിലും കൊട്ടിക്കയറുന്ന തായമ്പക താളങ്ങള്‍ മറ്റൊരു വശം. ഡോക്ടറായെന്നു കരുതി തായമ്പകത്താളത്തെ മൊഴിചൊല്ലാന്‍ ഇവര്‍തയ്യാറല്ല. തായമ്പകക്കാരിയാണെങ്കിലും പഠിച്ചുനേടിയ ഡോക്ടര്‍ബിരുദത്തെ കടലാസിലൊതുക്കാനും ഇവര്‍ക്കു മനസ്സില്ല. അതിനാല്‍ ഇരുതാളങ്ങളും ജീവിതത്തോട് ചേര്‍ത്തു പിടിച്ച് മുന്നോട്ടു പോകാന്‍തന്നെയാണ് നന്ദിനിയുടെ തീരുമാനം. വൈദ്യരത്‌നം കോളേജില്‍നിന്നും ആയുര്‍വേദ ഡോക്ടറായി പുറത്തിറങ്ങിയ നന്ദിനിക്ക് ഡോക്ടര്‍ രജിസ്‌ട്രേഷന്‍ ലഭിച്ചത് ഈയിടെയാണ്. നല്ല തായമ്പകക്കാരിക്കുള്ള കോട്ടക്കല്‍ എന്‍. കൃഷ്ണന്‍കുട്ടി ആശാന്‍ സ്മാരക അവാര്‍ഡും ഈ വര്‍ഷം ലഭിച്ചു. തായമ്പക്കാരി എന്നനിലയില്‍ ആദ്യമായി കിട്ടുന്ന പുരസ്‌കാരമാണ് ഇത്.

പെണ്‍കുട്ടി ചെണ്ട കൊട്ടുന്നു എന്നു കേള്‍ക്കുമ്പോള്‍ പലര്‍ക്കും കൗതുകമാണ്. ചിലര്‍ക്കിത് വിമര്‍ശനവിഷയവുമാണ്. കൊട്ടിത്തെളിഞ്ഞുകൊണ്ട് എല്ലാ വിമര്‍ശനങ്ങളെയും നേരിടാനുള്ള ശ്രമത്തിലാണ് നന്ദിനി. ചെണ്ടകൊട്ടു പഠിക്കണം എന്നു ആദ്യം ആവശ്യം ഉന്നയിച്ചപ്പോള്‍ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇതെല്ലാം പെണ്‍കുട്ടികള്‍ക്കു സാധിക്കുമോ എന്ന സന്ദേഹമായിരുന്നു ഇവര്‍ക്ക്. എന്നാല്‍ കുടുംബത്തിലെതന്നെ അറിവുള്ള ചിലര്‍ പച്ചക്കൊടി വിശിയതോടെ ഈ എതിര്‍പ്പുകള്‍ ഇല്ലാതായി. നാലമ്പലത്തിനുള്ളില്‍നിന്നും തായമ്പക കൊട്ടാനുള്ള അവസരം ഇപ്പോഴും നിഷേധിക്കപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ ക്ഷേത്രമതിലിനു പുറത്താണ് നന്ദിനിക്കു വേദി ലഭിക്കാറ്. തന്ത്രിയോടും മറ്റും അനുമതി തേടിയാണ് പലക്ഷേത്രകമ്മിറ്റിക്കാരും പെണ്‍കുട്ടിയെക്കൊണ്ട് തായമ്പക കൊട്ടിക്കാറ്.ചിലരെങ്കിലും പെണ്‍കുട്ടിയെന്ന പേരില്‍ ഇത്തരം അവസരങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നു.

പെണ്‍കുട്ടികള്‍ തായമ്പകകൊട്ടുന്നത് അത്യപൂര്‍വ്വ കാഴ്ചയൊന്നുമല്ല. പക്ഷേ, ഒരു പ്രായം കഴിഞ്ഞാല്‍ ഇവരെല്ലാം കൊട്ടുനിര്‍ത്തി മടങ്ങുകയാണ് പതിവ്. നല്ല ശാരീരിക അധ്വാനമുള്ള പണിയാണിത്. സിങ്കിള്‍ തായമ്പകയാണെങ്കില്‍ ഒന്നരമണിക്കൂര്‍നേരം കൊട്ടണം. ഡബിള്‍ ആണെങ്കില്‍ ഇത് രണ്ടേക്കാല്‍ മണിക്കൂറുവരെ നീളും. പെണ്‍കുട്ടികള്‍ പൊതുവെ ഡബിള്‍ തായമ്പക കൊട്ടാന്‍ തയ്യാകാറില്ല. പക്ഷേ, നന്ദിനി അയ്യന്തോള്‍ കണ്ണനുമായി ചേര്‍ന്ന് ഇതും പരീക്ഷിക്കുന്നു.

പതിന്നാലാം വയസ്സിലാണ് ചെണ്ടകൊട്ടു പഠിക്കണമെന്ന ആഗ്രഹം നന്ദിനി ബന്ധുക്കള്‍ക്കു മുന്നില്‍ വെച്ചത്. പൂഞ്ഞാര്‍ രാജവംശത്തില്‍ പെട്ട ഇവര്‍ക്ക് തൃപ്പുണിത്തുറ ഉത്സവവുമായുണ്ടായിരുന്ന ആത്മബന്ധമാണ് ഇതിന് കരുത്തേകിയത്. ആദ്യം കഥകളിക്കൊട്ടാണ് പഠിച്ചത്.തൃപ്പൂണിത്തുറ ഗോപീകൃഷ്ണന്റെ കീഴിലായിരുന്നു ഇത്. തുടര്‍ന്ന് തൃശ്ശൂരിലേക്കു താമസം മാറ്റിയതിന് ശേഷം ശങ്കരംകുളങ്ങര രാധാകൃഷ്ണന്റെ കീഴില്‍ പഠിച്ചു. ഇപ്പോള്‍ പോരൂര്‍ ഉണ്ണികൃഷ്ണന്റെ കീഴിലും തായമ്പക പഠിക്കുന്നു. ആയുര്‍വേദ ഡോക്ടറാകാനുള്ള പഠനം തുടങ്ങിയതിനു ശേഷമാണ് തായമ്പകകള്‍ക്ക് പ്രൊഫഷണലായി പോയിത്തുടങ്ങിയത്. പഠനസമയത്ത് കൊട്ടാന്‍ പോകുന്നത് ഒരു തടസ്സമായി തോന്നിയിട്ടില്ലെന്ന് നന്ദിനി പറയുന്നു. ഒരു വര്‍ഷം മാത്രം കൊട്ടില്‍ ഇത്തിരി നിയന്ത്രണം വേണ്ടിവന്നു എന്നു മാത്രം. കോളേജ് തല മത്സരങ്ങള്‍ക്ക് ഇവര്‍ ഒറ്റത്തവണ മാത്രമാണ് പങ്കെടുത്തത്. അതും പലരുടെയും നിര്‍ബന്ധം കൊണ്ട്.ഒന്നരമണിക്കൂര്‍ വേണ്ട തായമ്പക മത്സരവേദിയില്‍ പത്തുമിനിറ്റുകൊണ്ട് കൊട്ടിത്തീര്‍ക്കാന്‍ സാധിക്കില്ലെന്നതാണ് ഈ പിന്‍വലിയലിനു കാരണം. മത്സരത്തില്‍ പങ്കെടുത്ത വര്‍ഷം കലിക്കറ്റ് യുണിവേഴ്‌സിറ്റിയില്‍ രണ്ടാം സ്ഥാനവും ലഭിച്ചു ഇവര്‍ക്ക്. എങ്കിലും തായമ്പകയുടെ യാതൊരു ഘടനയും പാലിക്കാന്‍ സാധിക്കാത്ത മത്സര തായമ്പകയെ ഇവര്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല.

സാധകത്തിലും ഇവര്‍ വളരെയധികം ശ്രദ്ധിക്കുന്നു. വര്‍ഷകാലമാണ് സാധകത്തിന്റെ കാലം. ചില ദിവസങ്ങളില്‍ 8മുതല്‍ 10 വരെ മണിക്കൂര്‍ സാധകം നീളും. ചില ദിവസങ്ങളില്‍ നാലുമണിക്കൂര്‍ വരെയും. ദീര്‍ഘസമയം ഭാരമുള്ള ചെണ്ട താങ്ങിനില്‍ക്കുകയെന്നതുതന്നെ ഒരു പരീക്ഷണമാണ്.

തൃപ്പൂണിത്തുറ പുലിയന്നൂര്‍ ഇല്ലത്തുവെച്ചായിരുന്നു ചെണ്ടയില്‍ നന്ദിനിയുടെ അരങ്ങേറ്റം. കേളിയിലായിരുന്നു ഇത്. ഓര്‍മവെച്ച കാലം തൊട്ടേ കണ്ടും കേട്ടും വളര്‍ന്ന ഉത്സവങ്ങള്‍തന്നെയാണ് ഇത്തരത്തിലൊരു അരങ്ങേറ്റത്തിലേക്ക് ഇവരെ എത്തിച്ചത്. ഇപ്പോള്‍ സീസണല്‍ മാസം അഞ്ചും എട്ടും പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്. ഇതിനായി പത്തുപതിനഞ്ചു പേരടങ്ങുന്ന ഒരു കൂട്ടായ്മയും ഉണ്ട്. ഒരു സംഘത്തിന്റെ ചട്ടവട്ടങ്ങളൊന്നുമില്ലെങ്കിലും ഇതില്‍ ഒഴിവുള്ളവരെ നോക്കി കൂടെ കൂട്ടുകയാണ് പതിവ്. പെണ്ണാണ് എന്നതിനെ വിലകുറച്ചുകണ്ട് കൊട്ടി ഒപ്പം എത്താന്‍ സാധിക്കാത്തവരെ കൂട്ടുനിര്‍ത്താറുള്ള അനുഭവവും ഇവര്‍ക്കുണ്ട്. ഇതിന് പ്രതിവിധിയാണ് ഇത്തരത്തില്‍ ഒരു കൂട്ടായ്മ.

നിരവധി എണ്ണം പറഞ്ഞ പൂരങ്ങള്‍ക്കും ക്ഷേത്രങ്ങളിലുമെല്ലാം കൊട്ടിപ്പതിഞ്ഞിട്ടുണ്ട് നന്ദിനി. മേളലോകത്തെ നിരവധിപേരുടെ അനുഗ്രഹവും ഉപദേശങ്ങലും ഇവര്‍ ഏറ്റുവാങ്ങുകയുചെയ്യുന്നു. തൃപ്പൂണിത്തുറ, വടക്കുംനാഥന്‍, പല്ലാവൂര്‍, കുമരനെല്ലൂര്‍, തൃപ്രയാര്‍, കൂടല്‍മാണിക്യം, കുഴൂര്‍, ചെറ്റാരിക്കല്‍ തുടങ്ങിയവയൊക്കെ ഇതില്‍പ്പെടുന്നു. മലപ്പുറം തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് അധികം പരിപാടികള്‍ ഉണ്ടാകാറ്. പെരുവനം, അന്നമനട തുടങ്ങി പ്രഗത്ഭരെല്ലാം പ്രോത്സാഹിപ്പിക്കുന്നവരുടെ കൂട്ടത്തില്‍പ്പെടുന്നു. ഈരംഗത്തു പ്രവര്‍ത്തിക്കുന്ന ആരില്‍നിന്നും നിരുത്സാഹനം ഉണ്ടായിട്ടില്ലെന്നു നന്ദിനി പറയുന്നു.

തൃപ്പൂണിത്തുറ കോയിക്കല്‍ മഠത്തിലെ മോഹനചന്ദ്ര വര്‍മയുടെയും പൂഞ്ഞാര്‍ കോവിലകത്തെ ജയശ്രീവര്‍മയുടെയും മകളായ നന്ദിനി അഞ്ചാം വയസ്സുവരെ ബഹ്‌റിനില്‍ ആയിരുന്നു. അച്ഛനും അമ്മയ്ക്കും മേളത്തോടും ഉത്സവങ്ങളൊടുമെല്ലാം വലിയ താത്പര്യമാണ്. എന്നാല്‍ ചേട്ടന്‍ വിനായക് രാമവര്‍മക്ക് ഇതോട് അത്ര പ്രതിപത്തിയില്ല. എല്ലാം ശബ്ദമലിനീകരണമാണ് എന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. ചിന്തകളുടെയും പഠനത്തിന്റെയും ലോകത്താണ് ഇദ്ദേഹം. എങ്കിലും അനുജത്തിയുടെ ആഗ്രഹത്തിന് എതിരുനിന്നിട്ടില്ല. ഉത്സവങ്ങള്‍ക്കും മറ്റും നന്ദിനിയെ കൊണ്ടാക്കിയ ശേഷം ഇതിന്റെ ശബ്ദങ്ങളും ബഹളങ്ങളുമൊന്നുമില്ലാത്തിടത്ത് കാര്‍നിര്‍ ത്തി കിടന്നുറങ്ങുകയായിരുന്നു ഇദ്ദേഹം പതിവ്. ബന്ധുവായ തൃപ്പുണിത്തുറകോവിലകത്തെ കൊച്ചപ്പന്‍ തമ്പുരാനും നന്ദിനിക്കു വളരെ പ്രോത്സാഹനവുമായി എത്തിയിരുന്നു. ഇദ്ദേഹം ഒരു മേളം വിമര്‍ശകന്‍ കൂടിയായിരുന്നു. മുത്തശ്ശി പൂഞ്ഞാര്‍ കോവിലകത്തെ അംബികതമ്പുരാട്ടിയും നന്ദിനിക്ക് പ്രോത്സാഹനമാകാറുണ്ട്. പഴയകാലത്തുതന്നെ കഥകളിയും കളരിപ്പയറ്റുമെല്ലാം പഠിക്കാന്‍ ആര്‍ജവം കാണിച്ച സ്ത്രീയാണ് ഇവര്‍. നന്ദിനിയുടെ പരിപാടികള്‍എവിടെ നടന്നാലും ഇത് റെക്കോര്‍ഡ് ചെയ്ത് കേള്‍ക്കുകയും വേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കുകയുംചെയ്യുന്നു.
കോഴ്‌സ് കഴിഞ്ഞതു മുതല്‍തന്നെ ചെറിയതോതിലുള്ള ചികിത്സകളും ഡോക്ടര്‍ ആരംഭിച്ചിട്ടുണ്ട്. അധികം ചികിത്സക്കെത്തുന്നത് കൊട്ടുകാര്‍തന്നെ. ഇപ്പോള്‍ രജിസ്‌ട്രേഷന്‍ ലഭിച്ചതിനാല്‍ ഔദ്യോഗികമായിത്തന്നെ പ്രാക്റ്റീസിങ് തുടങ്ങാനാണ് നന്ദിനിയുടെ പരിപാടി. കൂട്ടത്തില്‍ പി.ജി യും പൂര്‍ത്തിയാക്കണം.തൃശ്ശൂര്‍ ശങ്കരംകുളങ്ങര അമ്പലത്തിന് സമീപം ശ്രീ ദുര്‍ഗ്ഗ ഫ്ലാറ്റില്‍ താമസിക്കുന്ന നന്ദിനിയുടെ മോഹങ്ങള്‍ ഇത്തരത്തില്‍ പോകുന്നു. ഇതെല്ലാം കൊട്ടിനു തടസ്സമാകില്ലേ എന്നു ചോദിച്ചാല്‍ വര്‍ധിച്ച ആവേശത്തോടെ നന്ദിനി ഇതിനെ എതിര്‍ക്കും - 'അതെങ്ങനെ കൊട്ട് മിക്കവാറും വൈകിട്ടാകും ഉണ്ടാകുക'. വൈദ്യവും മേളവും ഒരുമിച്ചു കൊണ്ടുപോകാനുള്ള ആര്‍ജവം ഈ വാക്കുകളില്‍ നിഴലിക്കും. ഈ കരുത്തില്‍ ജീവ താളവും മേളതാളവും ചേര്‍ത്തു പിടിച്ച് പുതിയ ഒരു ജീവിതതാളത്തിനായി ശ്രമിക്കുകയാണ് നന്ദിനി വര്‍മ.

1 comments:

  • saisanjaymenon says:
    October 16, 2016 at 9:16 PM

    ചെണ്ട വാദ്യം ക്ഷേത്ര കല ആയ മേളങ്ങൾ ..അടങ്ങിയ ഇത്തരത്തിൽ ഒരു ബ്ലോഗ് സൃഷ്ട്ടിച്ച എല്ലാവര്ക്കും ഹൃദയം നിറഞ്ഞ പ്രണാമങ്ങൾ
    Sanjay Menon

Post a Comment